ഇടവമാസ പൂജയ്ക്ക് ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരിയാണു നട തുറക്കുക. 19 വരെ പൂജയുണ്ട്. ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ട്. അതിനിടെ ഇടവമാസ പൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ ദര്‍ശന നടത്താന്‍ എത്തുന്ന ഭക്തര്‍ക്ക് കെഎസ്ആര്‍ടിസി വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി. തീര്‍ഥാടകര്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്കിംഗ് സംവിധാനമുള്‍പ്പെടെ വിപുലമായ യാത്രാ ക്രമീകരണം കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കുമളി, കൊട്ടാരക്കര, എരുമേലി, പുനലൂര്‍,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കിനനുസരിച്ച് സ്‌പെഷ്യല്‍ ബസുകളും മുന്‍കൂട്ടി ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത യൂണിറ്റുകളില്‍ നിന്നും സര്‍വ്വീസുകള്‍ ക്രമീകരിക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. www.onlineksrtcswift.com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.